Thursday, July 17, 2008

വിഷാദരോഗം തിരിച്ചറിയുക


വിഷാദമെന്ന വികാരം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ഭൂമുഖത്ത്‌ ഉണ്ടാവുകയില്ല. ദുഖങ്ങളിലും നഷ്ടങ്ങളിലും കുറ്റബോധങ്ങളിലുമൊക്കെ മനംനൊന്ത് താല്‍കാലികമായി വിഷാദമനുഭവിക്കുന്നവരാണ്‌ ഏറെപ്പേരും. എന്നാല്‍ ഇവരെയെല്ലാം വിഷാദരോഗികള്‍ എന്ന്‌ വിളിക്കാന്‍ കഴിയുമോ
തികച്ചും സ്വാഭാവികമായ മാനസിക പ്രതികരണത്തിനും വിഷാദമെന്ന രോഗത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ എവിടെയാണ്‌ . വിഷാദ രോഗത്തെ എങ്ങനെയാണ്‌ തിരിച്ചറിയേണ്ടത്‌. പ്രാചീന കാലം മുതലേ പഴയനിയമത്തില്‍ സോളമന്‍ രാജാവിനും മഹാഭാരതത്തില്‍ അര്‍ജുനനും രാമായണത്തില്‍ ദശരഥ മഹാരാജാവിനും വിഷാദരോഗമുണ്ടായതായി പരാമര്‍ശമുണ്ട്‌.
സമൂഹത്തില്‍ നാലുമുതല്‍ എട്ടുശതമാനം വരെ വിഷാദരോഗികളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മനുഷ്യവര്‍ഗത്തിന്‌ കനത്ത പരാധീനതയുണ്ടാക്കുന്ന രോഗങ്ങളെപ്പറ്റി വിശദപഠനം നടത്തിയപ്പോള്‍ ഏറ്റവുമധികം പരാധീനതയും പ്രയാസവും സൃഷ്ടിക്കുന്ന നാലാമത്തെ രോഗമാണ്‌ വിഷാദരോഗമെന്ന്‌ ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്‌. ഇനിയൊരു പതിനഞ്ച്‌ വര്‍ഷം കഴിയുമ്പോള്‍ ഹൃദ്രോഗത്തിന്‌ തൊട്ടുപിന്നാലെ ഈരോഗം സ്ഥാനം പിടിക്കുമത്രേ.ഏതാണ്ട് 30 വയസ്സിനും 40 വയസ്സിനും ഇടയിലാണ്‌ വിഷാദരോഗം സാധാരണ കണ്ടുവരാര് . എന്നിരുന്നാലും ഏത്‌ പ്രായക്കാരിലും വിഷാദരോഗമുണ്ടാകാം. സമീപകാലങ്ങളില്‍ 20 വയസ്സിന്‌ താഴെയുള്ളവരില്‍ വിഷാദരോഗം കൂടുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളില്‍ മൂന്നിരട്ടിയാണ്‌ വിഷാദരോഗത്തിനുള്ള സാധ്യത. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ആര്‍ത്തവം, ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ എന്നിവയെല്ലാം വിഷാദരോഗത്തിന്‌ കാരണമാകുന്നുണ്ട്‌.

കാരണങ്ങള്‍
വിഷാദം എന്ന്‌ കേള്‍ക്കുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളില്‍ തോന്നുന്ന ദുഖം എന്നാണ്‌ കൂടുതല്‍പ്പേരും ചിന്തിക്കുക . അതുകൊണ്ടുതന്നെ വിഷാദരോഗം ഒരു മാനസികപ്രശ്നമാനെന്നും സ്വാന്ത്വനം കൊണ്ടും ഉപദേശം കൊണ്ടും പരിഹരിക്കാവുന്നതാണെന്നും പലരും ചിന്തിക്കുന്നത്‌.എന്നാല്‍ വൈദ്യശാസ്‌ത്രത്തിന്റെ കണ്ണില്‍ വിഷാദരോഗം ലക്ഷണമൊത്ത ഒരു രോഗമാണ്‌. ഇതിന്‌ ശക്തവും വ്യക്തവുമായ ജൈവധര്‍മ്മപരമായ അടിസ്ഥാനമുണ്ട്‌. മസ്‌തിഷ്‌കത്തില്‍ വൈകാരികവും ധര്‍മ്മപരവുമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും സംയോജിപ്പിക്കുന്നതുമായ ലിംബിക്‌ വ്യൂഹം, മസ്‌തിഷ്‌കകാണ്ഡത്തിലെ ഹൈപ്പോതലാമസ്, ഫ്രോന്ടല്‍ ഖണ്ഡത്തിന്റെ അടിയിലും മധ്യഭാഗത്തുമുള്ള നാഡിഭാഗം എന്നിവിടങ്ങളിലെ നാഡീ പ്രവര്‍ത്തനങ്ങള്‍ക്കടിസ്ഥാനമായ രാസപ്രക്രിയ വിഷാദരോഗത്തില്‍ തകരാറിലാകുന്നു.
സിറടോണിന്‍, നോര്‍എപ്പിനെഫ്രിന്‍ ഡോപ്പമിന്‍ എന്നീ രാസപരിവാഹകരുടെ വിന്യസത്തിലുള്ള കുറവാണ്‌ വിഷാദരോഗത്തിന്‌ കാരണം എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പാരമ്പര്യ ഘടകങ്ങള്‍, കടുത്ത മാനസിക സമ്മര്‍ദ്ദം, ചില ശാരീരികാവസ്ഥകള്‍ തുടങ്ങി പല ഘടകങ്ങളും വിഷാദരോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പാര്‍ക്കിന്‍സണ്‍സ്‌ രോഗം, പക്ഷാഘാതം, ചില മരുന്നുകളുടെ ഉപയോഗം എന്നിവകാരണവും വിഷാദരോഗമുണ്ടാകാം. ഇങ്ങനെയുണ്ടാകുന്ന വിഷാദരോഗാവസ്ഥ മാറ്റിയെടുക്കാന്‍ കാരണമാകുന്ന അസുഖം പരിപൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റണം.

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍
രോഗലക്ഷണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ്‌ ഒരു വ്യക്തിക്ക്‌ വിഷാദരോഗമാണോയെന്ന്‌ ശാസ്‌ത്രീയമായി നിര്‍ണ്ണയിക്കുന്നത്‌. രണ്ടാഴ്‌ചയിലധികം കഠിനമായ വിഷാദരോഗത്തിന്‌ പുറമെ താഴെ പറയുന്ന എട്ട്‌ രോഗലക്ഷണങ്ങളില്‍ നാലോ അതിലധികമോ ഉണ്ടായാല്‍ അത്‌ വിഷാദരോഗമാണെന്ന്‌ ഉറപ്പിക്കാം.
1 മുമ്പ്‌ വളരെ താല്‌പര്യമുണ്ടായിരുന്നതും സന്തോഷം നല്കിയിരുന്നതുമായ മിക്കവാറും എല്ലാ കാര്യങ്ങളിലും താല്‍പര്യം നഷ്ടപ്പെടുന്നു.
2 വേണ്ടസമയത്ത്‌ വൈകാരികമായ പ്രതികരിക്കാന്‍ കഴിയാതെ വരുക, സന്തോഷിക്കേണ്ട സമയത്ത്‌ അതിന്‌ കഴിയാതെ വരുക. ആത്മഹത്യാ ചിന്തയുണ്ടാവുക. അകാരണമായ ദുഖവും കരച്ചിലും ഉണ്ടാവുക.
3 പതിവിലും രണ്ട്‌ മണിക്കൂറോ അതിലധികമോ നേരെ മുമ്പ്‌ ഉറക്കം തെളിയുക
4 വിഷാദവും ദുഖവും അസ്വസ്ഥതയുമെല്ലാം രാവിലെ ഏറ്റവും കൂടുതലായി അനുഭവപ്പെടുക. വൈകുന്നേരമാകുമ്പോള്‍ ബുദ്ധിമുട്ട്‌ രാവിലത്തേതിനെ അപേക്ഷിച്ച്‌ കുറയുക.
5 ശാരീരികവും മാനസികവുമായി പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രകടമായ മാന്ദ്യം ഉണ്ടാവുക
6 വിശപ്പ്‌ തീരെ ഇല്ലാതാവുക
7 ശരീരത്തിന്റെ തൂക്കം വല്ലാതെ കുറയുക. ഒരു മാസകാലയളവില്‍ തൂക്കത്തില്‍
അഞ്ചു ശതമാനത്തില്‍ അധികം കുറവുണ്ടാവുക
8 ലൈംഗിക താല്‍പര്യം തീരെ കുറയുക ഇല്ലാതാവുക.

രോഗചികിത്സ
ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷാദരോഗം തുടക്കത്ത്തിലെകണ്ടുപിടിച്ചു ഫലപ്രദമായി ചികിസിക്കെണ്ടാതിന്റെ ആവശ്യകത വളരെ വ്യക്തമാണ്‌.
കഴിഞ്ഞ രണ്ട്‌ ദശകത്തിനുള്ളില്‍ വളരെ ഫലപ്രദമായതും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ ഒട്ടേറെ ആന്റിഡിപ്രന്‍സ്‌ ഔഷധങ്ങള്‍ ആധുനിക വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്‌. പ്രായമായവര്‍ക്കും ശാരീരികമായി അസ്വസ്ഥതയുള്ളവര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്‌ പുതിയ മരുന്നുകള്‍.
മരുന്നുകഴിച്ചുതുടങ്ങി രണ്ടോമൂന്നോ ആഴ്‌ചകള്‍ക്കുശേഷം മാത്രമേ രോഗ ശമനം ഉണ്ടാവുകയുള്ളു. പരിപൂര്‍ണ്ണമായ രോഗശമനം ഉണ്ടായാല്‍പ്പോലും ഒരു വര്‍ഷത്തോളം വരെ മരുന്നു തുടരേണ്ടത്‌ ആവശ്യമാണ്‌.
ഔഷധചികിത്സയോടൊപ്പം രോഗിയുടെ മാനസിക പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന്‌ സൈക്കോ തെറാപ്പി, കൗണ്‍സിലിംഗ്‌, ബിഹേവിയര്‍ തെറാപ്പി, എന്നിവയും നല്‍കേണ്ടതാണ്‌,. ഔഷധ ചികിത്സയും മാനസിക ചികിത്സയും അനുയോജ്യമാക്കി ഇണക്കിച്ചേര്‍ത്ത സംയോജിത ചികിത്സയാണ്‌ വിഷാദരോഗത്തിന്‌ ഫലപ്രദം.

7 comments:

anushka said...

ആത്മഹത്യാപ്രവണത വളരെക്കൂടുതല്‍ ഉള്ള ഒരു രോഗമാണ്‌ വിഷാദം.വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള എലെക്‍ട്രോ കണ്‍‌വള്‍‌സീവ് തെറാപി എന്ന ഷോക്ക് ചികില്‍‌സ വളരെയധികം ഫലപ്രദമാണ്‌ ,പ്രത്യേകിച്ച് പെട്ടെന്നുള്ള രോഗനിയന്ത്രണത്തിന്‌.താങ്കളുടെ ലേഖനത്തിന്‌ നന്ദി.

അനില്‍@ബ്ലോഗ് // anil said...

സമൂഹത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടെണ്ട ഒരു വിഷയമാണിതു.ഒരുപക്ഷെ ഈ നൂറ്റാണ്ടിന്റെ തന്നെ രോഗം.ശാരീരികവും, മാനസികവും, സാമൂഹികവുമായ ഒരുപാടു കാരണങ്ങള്‍ ഇതിനു വഴിവക്കുന്നു.നമ്മുടെ അണു കുടുംബങ്ങള്‍ ഒരു പരിധി വരെ ഇതിനു കാരണമാകുന്നു.ഒറ്റപ്പെട്ടു മാറിയിരുന്നാല്‍ ശ്രധിക്കാന്‍ ആളില്ലാത്ത അവസ്ഥ, സന്ത്വനിപ്പികക്കാന്‍‍ ആളില്ലാത്ത അവസ്ത്ഥ,ഇതിനൊക്കെ പുറമെ മനസ്സിനെ ഒരു അവയവമായിക്കണ്ടു ,രോഗഗ്രസ്ത്ഥമാവം അതും എന്നുള്ള തിരിച്ചറിവില്ലായ്മ ഇതൊക്കെ അടിസ്ത്ഥാന കാരണങ്ങള്‍, ഇതിനൊക്കെ പുറമെ ഇന്ട്രിന്‍സിക്കായി ഉണ്ടാവുന്ന വിഷാദം.യഥാസമയം കണ്ടെത്തിയില്ലെങ്കില്‍ ഒരു ജീവന്‍ തന്നെ നഷ്ടമായേക്കാം.
സമൂഹം കൂടുതല്‍ ബൊധവല്‍ക്കരിക്കപ്പെടേണ്ടതുണ്ടു.
ഷൊക്ക് ട്രീറ്റുമെന്റ് ഗുണകരമാണ്, പക്ഷെ സ്ഥായിയായ മോചനം കിട്ടില്ല, എപിലെപ്സി രോഗികളില്‍, ഒരൊ എപിസൊഡിനു ശേഷവും വിഷാദത്തില്‍ കുറവുവരുന്നതായി കണ്ടെത്തിയതിന്റെ ഫലമാണു ഈ ചികിത്സാ രീതി.എന്നാല്‍ ഇന്നു നിരവ്ധി മരുന്നുകള്‍ ലഭ്യമാണു,യഥാസമയം കണ്ടെത്തപ്പെടുകയാണു പ്രധാനം.ചിക്ത്സക്കുശേഷം രോഗം മാറിയാലും വീണ്ടും വരാനുള്ള സാധ്യത ഏറെയാണ്. ഒരു സ്ഥിരം കണ്‍സള്‍ട്ടന്റുണ്ടാവുകയാണു നല്ലതെന്നു തൊന്നുന്നു. കൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാന്ത്വനവും

anushka said...

വിഷാദത്തിനുള്ള ചികില്‍‌സയില്‍ പുതിയ ധാരാളം മരുന്നുകള്‍ ലഭ്യമാണ്‌.,പ്രതേകിച്ച് പാര്‍‌ശ്വഫലങ്ങള്‍ വളരെകുറഞ്ഞ SSRI മരുന്നുകള്‍.പക്ഷെ മരുന്നുകള്‍ അതിന്റെ ഫലം കാണിക്കാന്‍ കുറച്ചു സമയം എടുക്കുന്നു..കടുത്ത ആത്മഹത്യാപ്രവണതയുള്ള രോഗികളില്‍ ഷോക്ക് ചികില്‍സ പെട്ടെന്ന് ഫലം തരുന്നു ,പലപ്പോഴും ആത്മഹത്യയില്‍ നിന്ന് വ്യക്തിയെ രക്ഷിക്കുന്നു.നിര്‍‌ഭാഗ്യവശാല്‍ ഷോക്ക് ചികില്‍സയെപറ്റി ധാരാളം തെറ്റിദ്ധാരണകള്‍ ഉള്ളതിനാല്‍ അതിന്റെ പ്രയോഗം കുറഞ്ഞു വരുന്നു..നമ്മുടെ മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞത് ഇത്തരം പ്രാകൃതചികില്‍സാരീതികള്‍ ഒഴിവാക്കുമെന്നാണ്‌,ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്ത മറുപടിയായിരിക്കാം.

siva // ശിവ said...

നന്ദി..ഈ നല്ല ലേഖനത്തിന്....

സസ്നേഹം,

ശിവ.

chithrakaran ചിത്രകാരന്‍ said...

എല്ലാവരും വായിച്ചിരിക്കേണ്ട പോസ്റ്റ്.നന്ദി.

Abdulla Saeed Bin Aziz said...

ok nan samadikunnu,,,
but chila
edirpukal und enik neril kanuimbol parayattoooo...

ബഷീർ said...

കാര്യമാത്രപ്രസക്തമായ ഈ ലേഖനം തയ്യാറാക്കിയതിനു അഭിനന്ദനങ്ങള്‍